ലണ്ടൻ : ബ്രിട്ടനിൽ കങ്കണാ റാവത്തിന്റെ ‘എമർജൻസി‘ എന്ന സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തി ഖലിസ്ഥാൻ അനുകൂലികൾ. സിനിമ സിഖ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുകെയിൽ പല സ്ഥലങ്ങളിലുള്ള തിയേറ്ററുകളിൽ പ്രദർശനം തടസ്സപ്പെടുത്തുകയായിരുന്നു.
സിഖ് പ്രസ് അസോസിയേഷൻ എന്ന സംഘടന ഈ ചിത്രം സിഖ് വിരുദ്ധമാണെന്ന് ആരോപിച്ചു രംഗത്തെത്തുകയും ചെയ്തു. വെസ്റ്റ് മിഡ്ലാൻഡിലെ ബർമിംഗ്ഹാം, വോൾവർ ഹാംപ്ടൺ തുടങ്ങിയ നഗരങ്ങളിൽ പ്രദർശനം റദ്ദാക്കി.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് 1975 – 1977കാലത്തെ അടിയന്തരാവസ്ഥയെ ചിത്രീകരിക്കുന്ന സിനിമക്കെതിരെയാണ് തീവ്രവാദ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിനിമയിൽ സിഖ് സമുദായത്തിനെതിരെ പ്രകോപനപരമായ സംഭാഷണങ്ങൾ ഉള്ളതായി അവർ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതികരിച്ച് കങ്കണ റണാവത്ത് രംഗത്തെത്തി . പഞ്ചാബിൽ തന്റെ സിനിമകൾ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നതാണെന്നും കങ്കണ പറഞ്ഞു. എന്നാൽ ഇന്ന് തന്റെ സിനിമയെ പഞ്ചാബിൽ പോലും പ്രദർശനം നടത്താൻ അനുവദിക്കാത സാഹചര്യമാണുള്ളത്. അതുപോലെതന്നെ കാനഡയിലും ബ്രിട്ടനിലും പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയാണ്. ചില ചെറിയ മനസ്സുകൾ ഈ നാടിന്റെ സാമൂഹിക അന്തരീക്ഷത്തിന് തീക്കൊളുത്താൻ ശ്രമിക്കുകയാണ്. – കങ്കണ പറഞ്ഞു.