ന്യൂഡൽഹി ; മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാനുള്ള നീക്കത്തിലുറച്ച് കേന്ദ്രസർക്കാർ. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയതായാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയാകും സീറ്റുകളുടെ എണ്ണം നിശ്ചയിക്കുക . ഇതിലൂടെ സീറ്റുകളിൽ 50 ശതമാനം വർധനവാണ് ഉണ്ടാകുക. വിവിധ സംസ്ഥാനങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യവും അതേപടി നിലനിർത്താനാകും.
50 വർഷം മുൻപും രാജ്യവ്യാപകമായി മണ്ഡല പുനർനിർണ്ണയത്തിന് 1971 ലെ കണക്കുകളാണ് ഉപയോഗിച്ചിരുന്നത്. 2011 ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാകും മണ്ഡലങ്ങളുടെ അതിരുകൾ പുനർനിർണ്ണയിക്കുക. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണം പരമാവധി 650 ആയി പരിമിതപ്പെടുത്താൻ നിർദേശമുണ്ട്.
സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണം പരമാവധി 650 ആയി പരിമിതപ്പെടുത്താൻ നിർദ്ദേശമുണ്ട്. ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം പരമാവധി 850 വരെയാകാം; ഏപ്രിലിൽ സർക്കാർ ഈ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോഴും ഇതേ കണക്കുകളാണ് മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ അന്ന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ബിൽ പാസാക്കാൻ സാധിച്ചിരുന്നില്ല.
നിലവിൽ നാഷലിസ്റ്റ് കോൺഗ്രസ് പാർട്ടി (പവാർ) ബില്ലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതുക്കിയ ഫോർമുല പ്രകാരം സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർധനവ് നൽകുകയും അടുത്ത 25 വർഷത്തേയ്ക്ക് അതായത് 2051 വരെ അവയുടെ ആനുപാതിക വിഹിതം മരവിപ്പിക്കുകയും ചെയ്യുന്ന ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായും പാർട്ടി വക്താവ് ജിതേന്ദ്ര അവാദ് വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലും സീറ്റ് വർധനവ് ഒരേ പോലെ നടപ്പാക്കുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ എം.പി സുപ്രിയ സുലെ വ്യക്തമാക്കിയിരുന്നു.

