വഡോദര : ഗുജറാത്ത് വ്യോമസേന സ്റ്റേഷനിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ജയ്ഷെ മുഹമ്മദ് ഭീകരനെ എടിഎസ് അറസ്റ്റ് ചെയ്തു. അസമിലെ കരിംഗഞ്ച് സ്വദേശിയായ മുഹമ്മദ് സെഹറുൽ ഇസ്ലാം ആണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെ ഗുജറാത്ത് പൊലീസ് നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായാണ് സെഹറുൽ ഇസ്ലാം അറസ്റ്റിലായത്.
ഇയാളിൽ നിന്ന് എകെ 47 റൈഫിളും , വെടിയുണ്ടകളും കണ്ടെടുത്തു.വഡോദരയിലെ വ്യോമസേനാ സ്റ്റേഷൻ ആക്രമിക്കാനാണ് സെഹറുൽ ഇസ്ലാം പദ്ധതിയിട്ടിരുന്നതെന്ന് എ ടി എസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സുനിൽ ജോഷി പറഞ്ഞു. പാക് ആസ്ഥാനമായ ഭീകരരിൽ നിന്ന് ഇതിനായി സെഹറുൽ ഇസ്ലാമിന് നിർദേശങ്ങൾ ലഭിച്ചിരുന്നു. മാത്രമല്ല ആക്രമണത്തിനായി ഇയാൾ വ്യോമസേന സ്റ്റേഷന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ ശേഷം പാകിസ്ഥാനിലേയ്ക്ക് കടക്കാനായിരുന്നു സെഹറുൽ ഇസ്ലാമിന്റെ പദ്ധതി.

