ചെന്നൈ : വനിതാ കലക്ടർക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ ടിവികെ എം എൽ എ അരുൾ വിഘ്നേഷ് അറസ്റ്റിൽ. കല്ലക്കുറിച്ചിയിൽ നിന്നുള്ള വനിതാ പൊലീസ് സംഘമാണ് എം എൽ എ യെ അറസ്റ്റ് ചെയ്തത്.കല്ലക്കുറിച്ചി മജിസ്ട്രേട്ട് കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് വാങ്ങിയാണ് ഇൻസ്പെക്ടർ പി ഭുവനേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കുന്നതിനു മുൻപായി വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാലു വകുപ്പുകൾ പ്രകാരവും, സ്ത്രീകൾക്കെതിരായ പീഡന നിരോധന നിയമത്തിലെ സെക്ഷൻ നാലു പ്രകാരവുമാണ് അരുൾ വിഘ്നേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
വനിതാ കലക്ടർ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ വിജയ് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിനു പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐഎ എസ് ഉദ്യോഗസ്ഥ കകർല റാണിയുടെ നേതൃത്വത്തിൽ നാലംഗസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയിലെത്തി വനിതാ കലക്ടർ മൊഴി നൽകിയിരുന്നു. അതിനു പിന്നാലെയാണ് എം എൽ എ അറസ്റ്റിലായത്. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അരുൾ വിഘ്നേഷ് പറയുന്നത്.

