കൊൽക്കത്ത : സ്വന്തം വരുമാനം മറച്ച് വച്ച് ഭർത്താവിൽ നിന്ന് ജീവനാംശം വാങ്ങിയെടുക്കാൻ ശ്രമിച്ച യുവതിയ്ക്ക് പിഴ ശിക്ഷ. കൊൽക്കത്തയിലാണ് സംഭവം . മൾട്ടിനാഷണൽ കമ്പനി ജീവനക്കാരിയ്ക്കാണ് കൊൽക്കട്ട ഹൈക്കോടതി 20,000 രൂപ പിഴ വിധിച്ചത്. യുവതിയ്ക്ക് ഇടക്കാല ജീവനാംശം വിധിച്ച അലിപൂർ കോടതിയുടെ ഉത്തരവും ജസ്റ്റിസ് ചൈതലി ചട്ടോപാധ്യായ ദാസ് റദ്ദാക്കി.
ദമ്പതികൾ തമ്മിൽ വർഷങ്ങളായി കോടതിയിൽ കേസ് വിവാഹമോചന കേസ് നടക്കുന്നുണ്ടായിരുന്നു. 2022 ഏപ്രിൽ 5 ന് യുവതി തന്റെ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് അലിപൂർ കോടതിയിൽ ഹർജി സമർപ്പിച്ചു. തനിക്ക് പ്രത്യേകിച്ച് വരുമാനമൊന്നുമില്ലെന്നും , ഭർത്താവിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നുമാണ് യുവതി ഹർജിയിൽ പറഞ്ഞിരുന്നത്. 1.80 ലക്ഷമാണ് പ്രതിമാസം ജീവനാംശമായി യുവതി ആവശ്യപ്പെട്ടിരുന്നത്. എങ്കിലും 45,000 രൂപ പ്രതിമാസം ജീവനാംശമായി നൽകാനായിരുന്നു കോടതി ഉത്തരവ്.
എന്നാൽ ഭർത്താവ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഒപ്പം ചില തെളിവുകളും യുവാവ് കോടതിയിൽ ഹാജരാക്കി . ഇത് പ്രകാരം ബെംഗളൂരുവിലെ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയുടെ ശമ്പളം 1.75 ലക്ഷമാണ്. എന്നാൽ ഭർത്താവിന് ശമ്പളമായി ലഭിക്കുന്നത് 1.15 ലക്ഷം രൂപയും . മാത്രമല്ല യുവതി ബിടെക് , എം സി എ ബിരുദധാരിയുമാണ്. എന്നിട്ടും ജോലിയില്ലെന്നാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്നും ഭർത്താവ് അറിയിച്ചു.
സത്യവാങ്മൂലത്തിലെ പിഴവ് അഭിഭാഷകന് സംഭവിച്ച തെറ്റിദ്ധാരണയാണെന്ന് പറഞ്ഞ് രക്ഷപെടാൻ യുവതി ശ്രമിച്ചെങ്കിലും കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല . തുടർന്നാണ് ജീവനാംശം നൽകണമെന്ന ഉത്തരവ് കോടതി റദ്ദാക്കിയതും , ഒപ്പം കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിന് യുവതിയ്ക്ക് പിഴ ശിക്ഷ വിധിച്ചതും.

