ന്യൂഡൽഹി : ശ്രീരാമജന്മഭൂമിയിൽ നിന്ന് ജനകാപുരിയിലേയ്ക്കൊരു യാത്ര , അത് സാധ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ റെയിൽ വേ . ഉത്തർപ്രദേശിലെ അയോധ്യ കാന്റിൽ നിന്ന് നേപ്പാളിലെ ജനക്പൂർ ധാമിലേയ്ക്ക് സർവീസ് നടത്തുന്ന സരയൂ-കമല എക്സ്പ്രസ് ട്രെയിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേർന്ന് വെർച്വൽ ആയിട്ടാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുക.
ഇന്ത്യയ്ക്കും ,നേപ്പാളിനുമിടയ്ക്കുള്ള സാംസ്ക്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാകുമിത് . മാത്രമല്ല രണ്ട് പ്രധാന മതകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും ഇത് സഹായകമാകും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശിലെയും, ബീഹാറിലെയും പ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനിന് ഗോരഖ്പൂർ , ബസ്തി, റക്സൗൾ, സീതാമർഹി, മധുബാനി, ജയനഗർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
ജയനഗർ- ബിജല്പുര-ബർദിബാസ്, ജോഗ്ബാനി-ബിരാട്നഗർ തുടങ്ങിയ റെയിൽ പാതകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരികയാണ്. അതിർത്തി കടന്നുള്ള ബന്ധങ്ങളും , ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന കാഴ്ച്ചപ്പാടിന്റെ ഭാഗം കൂടിയാണ് പുതിയ ട്രെയിൻ സർവീസ് . നേപ്പാൾ റെയിൽവേയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ട്രെയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വഡോദരയിലെ ഗതിശക്തി വിശ്വവിദ്യാലയത്തിൽ പരിശീലനം നൽകിവരുന്നുണ്ട്.
അയോധ്യയിലേയ്ക്കും ജനക്പൂർ ധാമിലേയ്ക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുന്നത് കൂടുതൽ സന്ദർശകരെ ആകർഷിക്കും . മാത്രമല്ല ഇത് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ , പ്രാദേശിക ഗതാഗത സേവന ദാതാക്കൾ, ചെറുകിട ബിസിനസുകൾ എന്നിവർക്ക് മുന്നിൽ പുതിയ അവസരങ്ങളും തുറന്ന് നൽകും.

