ഡബ്ലിൻ: അയർലൻഡിൽ രാത്രി വൈകി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. എന്റർപ്രൈസ് വകുപ്പിന്റേതാണ് പ്രഖ്യാപനം. ഫുഡ് ആൻഡ് ബിവറേജസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് പുതിയ നിയമങ്ങൾ ബാധകമാകുക. ഇനി മുതൽ 16,17 വയസ്സുള്ളവർക്ക് പിറ്റേ ദിവസം സ്കൂളില്ലെങ്കിൽ രാത്രി 11 മണിവരെ കഫേകളിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യാം.
നേരത്തെ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമായിരുന്നത്. എന്നാൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിലേക്കും ഇത് നീട്ടിക്കൊണ്ടാണ് എന്റർപ്രൈസ് വകുപ്പിന്റെ തീരുമാനം. ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ റെസ്റ്റോറന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജോലി ചെയ്യാൻ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്. മാത്രവുമല്ല 18 വയസ്സ് പൂർത്തിയായ വ്യക്തിയുടെ മേൽനോട്ടവും ജോലി സമയത്ത് ഉണ്ടാകണം. രാത്രി 10 മണിയ്ക്ക് ശേഷം ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കും മേൽനോട്ടം നൽകണം.

