നിതേഷ് തിവാരിയുടെ രാമായണം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ നിധീഷ് ഭരദ്വാജ്. തുടക്കത്തിൽ ചിത്രത്തെ പ്രശംസിച്ചിരുന്ന നിധീഷ് ഭരദ്വാജ് വൈകാതെ തന്റെ നിലപാട് മാറ്റുകയായിരുന്നു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിതീഷ് തിവാരിയുടെ രാമായണം പ്രത്യേക അജണ്ടയോടെ പുറത്തിറങ്ങിയ ചിത്രമാണെന്നും , ഇതിനായി ചിലവിട്ട കോടികൾ എവിടെ നിന്ന് വന്നുവെന്ന് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാവണനെ വളരെ ലിബറലും , നീതിമാനുമായി ചിത്രീകരിക്കുന്ന സിനിമ രാമായണത്തിന്റെ ചട്ടക്കൂടിനെ തന്നെ മാറ്റുകയും, ഭഗവാന്റെ അവതാരോദ്യോശത്തെ ചോദ്യം ചെയ്യുകയുമാണെന്ന് നിധീഷ് ഭരദ്വാജ് പറയുന്നു.
‘ ശ്രീരാമനെ ഒരു വികാരവുമില്ലാത്ത വളരെ സാധാരണക്കാരനായ നിലയിലേയ്ക്ക് തരം താഴ്ത്തുന്ന ചിത്രമാണിത് . അതിൽ കാണിക്കുന്നതല്ല രാമൻ. ശ്രീരാമൻ മാന്യതയുടെ പ്രതീകമാണ് . അയോധ്യ വിട്ടു പോകുമ്പോൾ കണ്ണീർ പൊഴിക്കുന്ന സീനുകളും തെറ്റാണ്. രഘുകുലത്തിന്റെ പാരമ്പര്യമെന്നത് ഒരാൾ ജീവൻ പണയപ്പെടുത്തിയാലും വാക്ക് ലംഘിക്കില്ലെന്നതാണ് . , ഇക്ഷ്വാകു രാജവംശത്തിന്റെ ബഹുമാനസൂചകത്തെ പ്രതിഫലിപ്പിക്കുന്നതിൽ ചിത്രം പരാജയപ്പെട്ടു.
രാവണന്റെ നെഗറ്റീവ് സ്വഭാവങ്ങൾ എവിടെയും കാണാനില്ല .സിനിമയിൽ രാവണൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ പോലെയാണ് തോന്നുന്നത്. ആരണ്യ കാണ്ഡം, യുദ്ധ കാണ്ഡം എന്നിവയിലെ ചില പ്രധാന ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ രാവണൻ നീതിമാനും, ജ്ഞാനിയുമായ രാജാവ് ആയിരുന്നെങ്കിൽ വിഷ്ണു രാമനായി അവതാരമെടുക്കേണ്ട കാര്യമെന്തായിരുന്നു ? ഇങ്ങനെ പോയാൽ രാവണനെ ആകും ഇവിടെ യുവാക്കൾ ആരാധിക്കുക.
നിങ്ങൾ വില്ലനെ നായകനും, നായകനെ വില്ലനുമാക്കുന്നു. ഈ സിനിമയ്ക്ക് എവിടെ നിന്നാണ് പണം ഒഴുകി വന്നതെന്നും അന്വേഷിക്കണം. ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇതിനായി പണം വന്നതെന്നും നിധീഷ് ഭരദ്വാജ് ആരോപിച്ചു.

