ശബരിമല ; സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന . ദർശനത്തിന് പണം വാങ്ങുന്നുവെന്നും, മുറികൾ മറിച്ച് നൽകുന്നുവെന്നുമുള്ള പരാതികളിലാണ് പരിശോധന. മരാമത്ത് ഉദ്യോഗസ്ഥരുടെ ഓഫീസിലും, വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കയ്യേറ്റവും, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്ത് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിർദ്ദിഷ്ട സ്ഥലത്തിന് പുറത്തേയ്ക്ക് വ്യാപാരസ്ഥാപനങ്ങൾ നിർമ്മാണം നടത്തിയിട്ടുണ്ടോയെന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയേറിയതായി കണ്ടെത്തി. ദർശനത്തിന് പണം വാങ്ങുന്നുവെന്നും, മുറികൾ മറിച്ച് നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് സംഘം പരിശോധിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും ഫോണുകൾ പിടിച്ചെടുത്തു.
ഇരുവരുടെയും അക്കൗണ്ടുകളിൽ പലരിൽ നിന്നും സംശയാസ്പദമായ രീതിയിൽ പണം വന്നതായും കണ്ടെത്തി. മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വിവരങ്ങളും അനധികൃത പണപ്പിരിവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. അതേസമയം വെർച്വൽ ക്യൂ വഴി 66,000 പേർ ബുക്ക് ചെയ്തിട്ടും സന്നിധാനത്ത് എത്തിയവരുടെ എണ്ണം കുറഞ്ഞു. ഇന്ന് രാവിലെ 11മണി വരെ ദർശനം നടത്തിയത് 22,000 ത്തോളം പേർ മാത്രമാണ്. ഈ മാസം മുപ്പത് വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യു വഴി ബുക്കിംഗിന് അനുമതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

