കോർക്ക്: കോർക്കിൽ കുത്തേറ്റ് കൊല്ലപ്പെട്ട 19 കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ഗ്ലാൻമിയറിൽ നിന്നുള്ള ആദം മക്സ്വീനിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ആദം കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോർക്കിലെ കെന്റ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള ലോവർ ഗ്ലാൻമിയർ റോഡിൽ ആയിരുന്നു സംഭവം ഉണ്ടായത്. ഒരു സംഘം കൗമാരക്കാരുമായി ആദത്തിന് തർക്കത്തിലേർപ്പെടേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു. ഇതിനിടെയാണ് ആദത്തിന് കുത്തേറ്റത്. സംഭവത്തിന് തൊട്ട് പിന്നാലെ കൗമാരക്കാർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കൗമാരക്കാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ആദത്തിന് ജീവൻ നഷ്ടമായി.
ആദത്തിന്റെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

