ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഗ്ലെൻറീസിൽ നിർമ്മിക്കാൻ പദ്ധതിയിട്ട വിൻഡ് ഫാമിന് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. പരുന്തുകൾക്കുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. ഗോൾഡൻ ഈഗിൾ, വൈറ്റ് ടെയിൽഡ് ഈഗിൾ എന്നിവയ്ക്കാണ് പുതിയ വിൻഡ് ഫാം അപകടം സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ.
ഡൊണഗൽ കൗണ്ടി കൗൺസിലാണ് വിൻഡ് ഫാമിനായുള്ള പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്. 2021 ലാണ് കൗൺസിൽ ആദ്യമായി പദ്ധതിയ്ക്കായുള്ള ആസൂത്രണ അപേക്ഷ കമ്മീഷൻ മുൻപാകെ സമർപ്പിച്ചത്. എന്നാൽ ഇത് കമ്മീഷൻ തള്ളുകയായിരുന്നു. പിന്നീട് 2023 ൽ വീണ്ടും സമർപ്പിച്ച അപേക്ഷ കമ്മീഷൻ അംഗീകരിച്ചു. എന്നാൽ ഈ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇത് വീണ്ടും കോടതി കമ്മീഷന് വിട്ടു. തുടർന്ന് കമ്മീഷൻ പദധിയിൽ കൂടുതൽ വ്യക്തത ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതും പര്യാപ്തമല്ലാത്തതിനെ തുടർന്നാണ എട്ട് ടർബൈൻ വിൻഡ് ഫാം പദ്ധതിയ്ക്കായുള്ള അപേക്ഷ നിരസിച്ചത്.

