ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർ പി എഫ് സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ‘പസ്ദാരൻ-ഇ-ഹുറിയത്ത് കശ്മീർ’ എന്ന സംഘടന ഏറ്റെടുത്തു. ആക്രമണത്തിൽ മൂന്ന് സൈനികർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ് .
കുൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാസ്ദരൻ-ഇ-ഹുറിയത്ത് കശ്മീർ നോട്ടീസ് പുറപ്പെടുവിച്ചു. ‘ കുൽഗാം ജില്ലയിലെ സി ആർ പി എഫ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാസ്ദരൻ – ഇ – ഹുറിയത്ത് കശ്മീർ ഏറ്റെടുക്കുന്നു. അധിനിവേശ ഹിന്ദുത്വ ഭരണകൂടവും, അതിന്റെ സംവിധാനങ്ങളും ഏർപ്പെടുത്തിയ കൃത്രിമ സമാധാനത്തിന്റെ മൂടുപടം മുജാഹിദീനുകളുടെ പ്രവർത്തനങ്ങളാൽ കീറാൻ പോകുന്നു . വരും ദിവസങ്ങളിൽ ഹിന്ദുത്വ ഭരണകൂടത്തിനും ആർ എസ് എസിനുമെതിരെ വിനാശകരമായ ആക്രമണങ്ങളുടെ ഒരു പുതിയ തരംഗത്തെ കുറിച്ച് പാസ്ദരൻ ഇ ഹുറിയത്ത് എന്ന ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അവരുടെ ആധിപത്യം നശിക്കുന്നതു വരെ ഈ വിശുദ്ധ ജിഹാദ് തുടരും ‘ – എന്നാണ് നോട്ടീസിൽ പറയുന്നത്.
കശ്മീർ താഴ്വരയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാസ്ദരൻ-ഇ-ഹുറിയത്ത് കശ്മീർ എന്ന പേര് ഉയർന്നു വരുന്നത് ഇതാദ്യമാണ് . മുഹമ്മദ് ഉമർ അസം എന്ന ഭീകരനാണിതിന് നേതൃത്വം നൽകുന്നത് . കുൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുൽഗാമിലെ അഖ്റാൻ പ്രദേശത്ത് സിആർപിഎഫ് ക്യാമ്പിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് എ കെ 47 തോക്കുകൾ ധരിച്ച രണ്ട് ഭീകരർ ആക്രമണം നടത്തിയത് .
ആക്രമണത്തിന് പിന്നാലെ കാട്ടിലേയ്ക്ക് രക്ഷപെട്ട ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കത്ര മുതൽ ജമ്മു വരെയും കുൽഗാം മുതൽ കിഷ്ത്വാർ വരെയും സുരക്ഷ കർശനമാക്കിയിട്ടുണ്ട് . ആക്രമണത്തിൽ പ്രാദേശിക ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് ഉൾപ്പെട്ടിരിക്കാമെന്നും സൂചനയുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഭീകരരെ കണ്ടെത്താൻ ബി എസ് എഫ് , കശ്മീർ പൊലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത് .

