കൊച്ചി ; പീഡനവിവരം ഒതുക്കി തീർക്കാൻ ഡോ.ജോൺസൺ കെ വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും , അത് നിരസിച്ചതു കൊണ്ടാണ് മർദ്ദിച്ചെന്ന പരാതി നൽകിയതെന്നും യുവനടിയുടെ മൊഴി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യങ്ങൾ പൊലീസിനോട് വ്യക്തമാക്കിയത്.ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോൺ തിരികെ നൽകാതിരുന്നത് തെളിവുകൾ നശിപ്പിക്കാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പൊലീസിന് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും നടി പൊലീസിനോട് പറഞ്ഞു.
ഈ കേസിൽ യുവനടിയെയും മറ്റ് പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി , സുഹൃത്ത് കെ ബി വിഷ്ണു എന്നിവരെയുമാണ് ഇന്നലെ കസ്റ്റഡിയിൽ വിട്ടത്. പൊന്നുരുന്നിയിൽ ഡോക്ടരെ മർദ്ദിച്ച ഫ്ലാറ്റിൽ ഇന്ന് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം നാലിനാണ് തനിക്ക് പരിക്കേറ്റെന്ന് കാട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ജോൺസൺ വർഗീസ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്.
ബന്ധുവിനെ പീഡിപ്പിച്ചെന്ന് ഭീഷണിപ്പെടുത്തി ഫോണുകളും മറ്റും തട്ടിയെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ അതുല്യ ചന്ദ്രയും , മറ്റുള്ളവരും പൊലീസ് പിടിയിലായി . എന്നാൽ ഇതിന്റെ പിറ്റേന്ന് നടിയുടെ ബന്ധു ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. ഒക്ടോബർ 10 ന് താൻ ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പരാതി. ഒപ്പം നടിയും കൂട്ടരും പിടിച്ചെടുത്ത ഡോക്ടറുടെ ഫോണുകളും കൈമാറി.
ഈ കേസ് വന്നതോടെ ഡോ. ജോൺസൺ ഒളിവിൽപ്പോയി. കേസെടുത്തതിന് ഡോക്ടർ ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. പിടിച്ചെടുത്ത ഡോക്ടറുടെ ഫോണിൽ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതിനിടെയാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ കൂർ ജാമ്യം തേടി ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.തനിക്കെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്നും താൻ നൽകിയ പരാതിയെ പ്രതിരോധിക്കാൻ വേണ്ടി പിന്നീട് ഉണ്ടാക്കിയതാണ് ഇതെന്നുമാണ് ഡോക്ടറുടെ വാദം.

