ലക്നൗ : മൺവിളക്കുകളിലെ ദീപപ്രഭയിൽ തിളങ്ങി സരയൂ നദീതീരം. 56 ഘാട്ടുകളിലായി 30 ലക്ഷം ദീപങ്ങളാണ് തെളിഞ്ഞത്. അയോധ്യയിൽ നടന്ന ദീപാവലി ആഘോഷങ്ങളിലും , പത്താമത് ദീപോത്സപരിപാടിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.
അയോധ്യയിൽ ദീപോത്സവം നടക്കുമോ എന്ന് ചിന്തിച്ചവർക്കുള്ള മറുപടിയാണ് ഘാട്ടുകളിൽ തെളിയുന്ന ലക്ഷക്കണക്കിന് വിളക്കുകളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ ദീപോത്സവം ഇവിടുത്തെ പാരമ്പര്യമല്ലെന്ന് ചിലർ പറഞ്ഞു. അയോധ്യ ലോകത്തിന് ദീപാവലി നൽകി. ദീപോത്സവവും നൽകി, അത് ഇവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാൻ അവരെ ഓർമ്മിപ്പിച്ചു. അയോധ്യയിൽ ഇനി ഒരിക്കലും കർഫ്യൂ ഉണ്ടാകില്ല.
ഞങ്ങളെ അവഗണിച്ചവരും, അപമാനിച്ചവരും , ശ്രീരാമഭക്തർക്ക് നേരെ വെടിയുതിർത്തവരും , സന്യാസിമാരെ അപമാനിക്കുകയും, ലാത്തി ചാർജ് നടത്തുകയും ചെയ്തവരും എപ്പോഴെങ്കിലും അയോധ്യയിൽ വന്നാൽ ആദ്യം ക്ഷമ ചോദിക്കണം. മുൻ കാലങ്ങളിൽ അയോധ്യയിൽ ഒരു വിമാനത്താവളം നിർമ്മിക്കാൻ കഴിയുമായിരുന്നില്ല. ഇന്ന് ഇപ്പോൾ വാൽമീകി മഹർഷിയുടെ പേരിൽ അയോധ്യയിൽ ഒരു വിമാനത്താവളമുണ്ട്.
500 വർഷത്തെ അടിമത്ത കാലഘട്ടത്തിൽ വിദേശ ആക്രമണകാരികളുടെ കാലത്ത് അയോധ്യയിൽ ക്ഷേത്രം ഉയരുമോയെന്ന് സംശയിച്ചവരുണ്ട്. ഇന്ന് അതേസ്ഥലത്ത് രാം ലല്ലയെ പ്രതിഷ്ഠിച്ചു . ത്രേതായുഗത്തിന്റെ ഓർമ്മകൾ പുനസ്ഥാപിച്ചു . നീണ്ട വർഷ പോരാട്ടങ്ങളുടെ ഫലമാണിത് ‘ യോഗി ആദിത്യനാഥ് പറഞ്ഞു.
മുൻ യു പി മുഖ്യമന്ത്രിയും , എസ് പി നേതാവുമായ അഖിലേഷ് യാദവ് അടുത്തമാസം 12 ന് അയോധ്യ രാമക്ഷേത്രത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് യോഗിയുടെ ഈ പരാമർശം .
മുൻ യുപി മുഖ്യമന്ത്രിയും എസ്പി മേധാവിയുമായ അഖിലേഷ് യാദവ് അടുത്ത മാസം 12 ന് അയോധ്യ സന്ദർശിക്കുകയും കുടുംബത്തോടൊപ്പം ഹനുമാൻ ഗർഹിയും രാം ലല്ലയും സന്ദർശിക്കുകയും ചെയ്യുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

