ഡബ്ലിൻ: ഡബ്ലിനിൽ നിന്നും റോമിലേക്ക് പുറപ്പെട്ട എയർ ലിംഗസ് വിമാനം അടിയന്തിരമായി താഴെയിറക്കി. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം ഫ്രാൻസിലെ എയർഫീൽഡിൽ ഇറക്കിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഇ1402 എന്ന വിമാനമാണ് താഴെയിറക്കിയത്. രാവിലെ 6.25 ന് ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടത്. റോമിലെ ഫിയുമിസിനോ വിമാനത്താവളം ആയിരുന്നു ലക്ഷ്യം. എന്നാൽ ഇതിനിടെ പൈലറ്റിന് സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. പിന്നാലെ വിമാനം ഫ്രാൻസിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡബ്ലിനിൽ നിന്നുള്ള രണ്ട് റയാൻഎയർ വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഞെട്ടൽ ഒഴിയുന്നതിന് മുൻപാണ് വിമാനം അടിയന്തിരമായി താഴെയിറക്കേണ്ട സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

