മുംബൈ : നവംബർ ഒന്നിന് നടന്ന കോൺഗ്രസിന്റെ ‘ വോട്ട് ബച്ചാവോ ദേശ് ബച്ചാവോ റാലി ‘ ദിനത്തിലെ ചില കോൺഗ്രസ് എം പിമാരുടെ പെരുമാറ്റം പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് പരാതി . ഇക്കാര്യം ഉന്നയിച്ച് ചില നേതാക്കൾ തന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ , പാർട്ടിയുടെ മഹാരാഷ്ട്ര ചുമതലയുള്ള സിരിവേല പ്രസാദ് എന്നിവർക്കാണ് കത്ത് നൽകിയത് .
ഇതിനിടെ കോൺഗ്രസ് എം പി ശ്യാം കുമാർ ബാർവെ ഒരു വനിതാ എം പിയെ തല്ലുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിരവധി കോൺഗ്രസ് എം പിമാർ റാലിയിൽ പങ്കെടുക്കാൻ ബസിൽ പോകുന്നതിനിടെയാണ് സംഭവം. ഇക്കാര്യത്തെ കുറിച്ചും കത്തിൽ പറയുന്നുണ്ട് . കോൺഗ്രസിന്റെ രാം ടെക് എം പിയായ ബാർവെ പാർട്ടിയുടെ ചന്ദ്രപൂർ എം പി പ്രതിഭ ധനോർക്കറെ ബസിൽ കയറുന്നതിനിടെ തല്ലിയതായാണ് കത്തിൽ പറയുന്നത് . സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഇക്കാര്യം ധനോർക്കറും സ്ഥിരീകരിച്ചിട്ടുണ്ട്
ജനാധിപത്യം , ഭരണഘടനമൂല്യങ്ങൾ , സ്ത്രീകളുടെ അന്തസ് എന്നിവ സംരക്ഷിക്കാൻ പോരാടുന്നതിനിടെ വനിത എം പി യെ മർദ്ദിച്ച സംഭവം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നുണ്ടെന്നും പാർട്ടിയെക്കുറിച്ച് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും പരാതിയിൽ ആരോപിക്കുന്നു.

