ലക്നൗ : ഉത്തർപ്രദേശിൽ മൂന്നാം തവണയും വിജയം മുന്നിൽ കണ്ട് ബിജെപി . ‘ മിഷൻ 2027 ‘ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം പദയാത്രകൾ നടത്തുന്നതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത് . ‘ ജനാധിപത്യം സംരക്ഷിക്കുക, അരാകത്വം നീക്കുക ‘ എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാനത്തെ ആറ് സംഘടന മേഖലകളിലും പ്രചാരപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.
പടിഞ്ഞാറൻ യുപിയിലെ ഗാസിയാബാദ് മുതൽ ബ്രജ് മേഖലയിലെ ബറേലി, പൂർവാഞ്ചലിലെ ഗോരഖ്പൂർ എന്നിവിടങ്ങളിൽ ബിജെപിയുടെ ഉന്നത നേതാക്കൾ റാലിയ്ക്ക് തുടക്കമിടും. ‘മിഷൻ 2027’-ന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഈ വമ്പൻ പ്രചാരണപരിപാടിയിലൂടെ ഉന്നത നേതൃത്വം മുതൽ ബൂത്ത് തലത്തിലുള്ള താഴെത്തട്ടിലെ പ്രവർത്തകരെ വരെ മുഴുവൻ സംഘടനാ സംവിധാനത്തെയും സജീവമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത് . കോൺഗ്രസും, ഇൻഡിയ മുന്നണിയും ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങളെയും , പ്രചാരണങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
നവംബർ 20 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി പ്രചാരണത്തിനായി എത്തും. ബിജെപി മുൻ ദേശീയ അധ്യക്ഷനും, കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ബ്രജ് മേഖലയിലെ ബറേലിയിൽ നടക്കുന്ന പദയാത്രയ്ക്ക് നേതൃത്വം നൽകും. ജെ.പി. നഡ്ഡയ്ക്കൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി യതേന്ദ്ര ശർമ്മയും പങ്കെടുക്കും. ബ്രജ് മേഖലയിൽ രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ലക്നൗവിൽ പദയാത്രയ്ക്ക് നേതൃത്വം നൽകും. നവംബർ 4 ന് ഗോരഖ്പൂരിൽ നടക്കുന്ന പദയാത്രയ്ക്ക് പാർട്ടി ദേശീയ സെക്രട്ടറി നിതിൻ നബീനും, കേന്ദ്രമന്ത്രി പങ്കജ് ചൗധരിയും, നേതൃത്വം നൽകും.അതേ ദിവസം തന്നെ, കാശി മേഖലയ്ക്കായുള്ള പദയാത്ര പ്രയാഗ്രാജിൽ നടക്കും. ഇതിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കും. കാൺപൂർ മേഖലയിൽ നടക്കുന്ന പദയാത്രയിൽ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും പങ്കെടുക്കും.
നവംബർ 5 ന് ഗാസിയാബാദിൽ നടക്കുന്ന പദയാത്രയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഓരോ പദയാത്രയിലും 35,000 ആളുകളെ പങ്കെടുപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത് . ബിജെപിയുടെ മുതിർന്ന നേതാക്കളും , ഭാരവാഹികളും തങ്ങൾക്ക് ചുമതലയുള്ള മേഖലകളിൽ കൂടുതൽ സമയം ചിലവഴിക്കണമെന്നും, ആളുകളുമായി സംവദിക്കണമെന്നുമാണ് പാർട്ടി നിർദേശം.

