ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ബീറ്റ് റൂട്ട് , മാതളനാരങ്ങ ജ്യൂസുകൾ ചിലർക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണകരമാണ് . ഈ രണ്ട് പാനീയങ്ങളിലും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുമുണ്ട് . എങ്കിലും ഇതിൽ ഏതാണ് കൂടുതൽ ഗുണകരമെന്ന് നോക്കാം.
ബീറ്റ്റൂട്ടിൽ പൊതുവെ പ്രകൃതിദത്ത നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരം ഈ നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ കലോറിയും കുറവാണ് . എങ്കിലും ജ്യൂസിന്റെ അളവും, രീതിയും അനുസരിച്ച് ഗുണഗണങ്ങൾ മാറിയേക്കാം.ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് മാത്രം കുടിച്ചാൽ അസുഖം മാറണമെന്നില്ല.
മാതളനാരങ്ങ ജ്യൂസിൽ പോളിഫെനോൾസ് പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. രക്തസമർദ്ദം കുറയ്ക്കാൻ മാതളം സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ മാതള നാരങ്ങയിൽ സ്വാഭാവിക പഞ്ചസാര ഉള്ളതു കൊണ്ട് തന്നെ പ്രമേഹരോഗികൾ ഇത് കഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം.
നൈട്രേറ്റുകളുടെ ഗുണങ്ങൾ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ ബീറ്റ് റൂട്ട് ജ്യൂസ് തന്നെയാണ് . ആന്റി ഓക്സിഡന്റുകൾ ലഭിക്കാൻ നല്ലത് മാതളനാരങ്ങ ജ്യൂസാണ്. എന്നാൽ ഇവ രണ്ടും രക്തസമ്മർദ്ദ മരുന്നുകൾക്ക് പകരമല്ല . ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി, ഭക്ഷണക്രമം, കഴിക്കുന്ന അളവ് എന്നിവ പരിഗണിച്ചാണ് ഏത് ജ്യൂസ് വേണമെന്ന് തീരുമാനിക്കേണ്ടത്.

