മുംബൈ ; നടൻ ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി ബോംബൈ ഹൈക്കോടതി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്റെ നോട്ടീസിനെതിരെ ഇമ്രാൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി .
യുഎസ് പൗരത്വവും ഒസിഐ കാർഡുമാണ് ഇമ്രാന്റെ കൈവശമുള്ളതെന്നും , ഇന്ത്യൻ പൗരനാണെന്ന തരത്തിൽ പെരുമാറാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. എഫ് ആർ ആർ ഒ നൽകിയ നോട്ടീസിന്മേലുള്ള ഇടക്കാല സ്റ്റേ നീട്ടിയെങ്കിലും ഒസിഐ കാർഡ് നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ കോടതി ഇമ്രാന് മുന്നറിയിപ്പ് നൽകി. മുംബൈയിലെ പ്രതിഷേധങ്ങളിലെ പങ്കെടുത്തതിൽ ഇമ്രാൻ നിരുപാധികം മാപ്പ് പറയാനും കോടതി നിർദേശിച്ചു. ഇമ്രാൻ ഖാന് ഇന്ത്യയിൽ തുടരാനുള്ള കാലാവധി ഡിസംബർ ഏഴുവരെയാണു നീട്ടിയത്.
‘ നിങ്ങളുടെ പക്കൽ ഒസിഐ കാർഡാണുള്ളത് . നിങ്ങൾക്ക് ഇന്ത്യൻ പൗരനെ പോലെ പെരുമാറാനാകില്ല . നിങ്ങൾക്ക് എസ് ഐ ആറിനെ കുറിച്ച് ഒന്നും പറയാനാകില്ല . നിങ്ങൾക്ക് അതിൽ പങ്കെടുക്കാൻ ഒരവകാശവും ഇല്ല . നിങ്ങൾ കോടതിക്ക് വ്യക്തമായ ഒരു ഉറപ്പ് നൽകണം.‘– ഇമ്രാൻ ഖാനോട് കോടതി പറഞ്ഞു.
42 കാരനായ ഇമ്രാൻ ഖാൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചിലവഴിച്ചതെന്നും അദ്ദേഹം യുഎസിൽ ജനിച്ചതു കൊണ്ടാണ് അവിടുത്തെ പൗരത്വമുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ വെങ്കിടേഷ് ധോൻഡ് കോടതിയെ അറിയിച്ചെങ്കിലും എന്തൊക്കെയാലും ഇമ്രാൻ ഇന്ത്യൻ പൗരനല്ലെന്ന് കോടതി മറുപടി നൽകി.
‘ നിങ്ങൾ ഒരു ഇന്ത്യൻ പൗരനല്ലാത്തതുകൊണ്ടാണ് ഇത് പറയുന്നത് . ഒരു ഇന്ത്യൻ പൗരൻ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് പ്രതിഷേധം നടത്തിയാൽ എന്തു സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ .നിങ്ങളുടെ രാജ്യമായ യുഎസ് തന്നെ ഉദാഹരണമായെടുക്കൂ. അടുത്ത വിമാനത്തിൽ തന്നെ അവർ ഇന്ത്യയിലേയ്ക്ക് കയറ്റി വിടും. വർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്ന നിങ്ങൾ ഇതുവരെ ഒരു പ്രതിഷേധത്തിലും പങ്കെടുത്തിട്ടില്ല. പിന്നെ എന്താണ് ഇത്തവണ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കാരണം ? ‘ – എന്നും കോടതി ചോദിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗവും ഇന്ത്യയിൽ ചെലവഴിക്കുകയും ബോളിവുഡിലെ വലിയ നടനായി മാറിയിട്ടും ഇമ്രാൻ എന്തുകൊണ്ടാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

