ഡബ്ലിൻ: വൻ കുടലിലെ ക്യാൻസർ കണ്ടെത്തുന്നതിനായുള്ള സ്ക്രീനിംഗ് പദ്ധതിയുടെ പ്രായപരിധിയിൽ ഇളവ് വരുത്തണമെന്ന് ആവശ്യം. ക്യാൻസറിനെ തുടർന്ന് ഐറിഷ് അത്ലറ്റ് സിയാര മജീൻ അന്തരിച്ചതിനെ തുടർന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. നിലവിൽ നാഷണൽ ബൊവൽ സ്ക്രീൻ പ്രോഗ്രാം 57 മുതൽ 71 വയസ്സുവരെ പ്രായമുളളവർക്ക് വേണ്ടി മാത്രമാണ് നടത്തുന്നത്. എന്നാൽ ഇന്ന് 50 വയസ്സിൽ താഴെയുള്ളവരിൽ വ്യാപകമായി ബൊവൽ ക്യാൻസർ കണ്ടെത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിയിൽ ഉൾപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
ബൊവൽ ക്യാൻസർ അയർലൻഡാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ മേധാവി ബ്രണ്ടൻ ഡോൺലോണാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മലത്തിൽ രക്തമോ മലത്തിന് നിറവ്യത്യാസമോ കണ്ടാൽ ഉടനെ തന്നെ ചികിത്സ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

