പാലക്കാട് ; 16 കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു. കാവശേരി വാഴക്കച്ചിറ സുലൈമാൻ (65) ആണ് മരിച്ചത് . ഇക്കഴിഞ്ഞ 19 ന് രാത്രിയിൽ വീട്ടിൽ നടന്ന വഴക്കിനിടെയാണ് സുലൈമാന് കുത്തേറ്റത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സുലൈമാന്റെ മകളുടെ മകനാണ് 16 കാരൻ. സഹോദരിയായ 10 വയസുകാരിയുമായുള്ള തർക്കത്തിനിടെ കുട്ടിയെ കുത്തി കൊലപ്പെടുത്താൻ 16 കാരൻ ശ്രമിച്ചിരുന്നു. ഇതിനിടെ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച സുലൈമാന് കുത്തേൽക്കുകയായിരുന്നു. നെഞ്ചിനും, കഴുത്തിനും, വയറിനുമാണ് സുലൈമാന് പരിക്കേറ്റത് . 10 വയസുകാരിയ്ക്കും ആക്രമണത്തിൽ നിസാര പരിക്കേറ്റിരുന്നു.
രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത് . സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്. കുട്ടി അപകടനില തരണം ചെയ്തു. ഒളിവിൽ പോയ 16 കാരനെ പിന്നീട് പൊലീസ് പിടികൂടി ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി.

