ഡബ്ലിൻ: സാമുവൽ ബക്കറ്റ് പാലത്തിലിടിച്ച് ഹംസങ്ങൾ ചത്ത് വീഴുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് വർഷത്തിനിടെ പാലത്തിലെ സ്റ്റീൽ കേബിളുകളിൽ ഇടിച്ച് കുറഞ്ഞത് 17 ഹംസങ്ങൾക്ക് ജീവഹാനിയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. കിൽഡെയർ വൈൽഡ്ലൈഫ് റെസ്ക്യൂവാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.
പാലത്തിന്റെ ഇരുവശത്തുമായി നിരവധി സ്റ്റീൽ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. രൂപഭംഗി നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സജ്ജീകരിച്ചത്. എന്നാൽ തലയ്ക്ക് ഇരുഭാഗങ്ങളിലുമായി കണ്ണുകളുള്ള ഹംസങ്ങൾക്ക് ഇത് കാണുവാൻ കഴിയുന്നില്ല. ഇതാണ് അപകടത്തിന് കാരണം ആകുന്നത്. ആദ്യം കുടുങ്ങിയതിന് ശേഷം അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും കേബിളുകളുമായി ഇടിയ്ക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതേ തുടർന്ന് നിരവധി ഹംസങ്ങൾക്ക് പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഇതുവരെ പാലത്തിലിടിച്ച് എട്ട് ഹംസങ്ങളാണ് ചത്തത്.

