ഡബ്ലിൻ: ഡബ്ലിനിൽ നിന്നും രണ്ട് കൗണ്ടികളിലേക്ക് ഡാർട്ട് ട്രെയിൻ സർവ്വീസുകൾ വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ഈ വാരാന്ത്യത്തിൽ തുടക്കമാകും. പദ്ധതിയുടെ ഭാഗമായി നിലവിലെ റെയിൽപ്പാതകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വൈദ്യുതീകരിച്ച ട്രെയിനുകൾ ഓടുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും.
ഡബ്ലിൻ നിന്നും കിൽഡെയർ, മീത്ത് എന്നീ കൗണ്ടികളിലേക്കാണ് ഡാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കുന്നത്. കിൽഡെയറിലെ കിൽക്കോക്ക്, മീത്തിലെ എം3 പാർക്ക്വേ എന്നിവയാണ് ലക്ഷ്യ സ്ഥാനങ്ങൾ. പ്രാരംഭ ഘട്ട ജോലികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഡാർട്ട്- വെസ്റ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഹാൻസ്ഫീൽഡിനും എം3 പാർക്ക്വേ സ്റ്റേഷനും ഇടയിലുള്ള രണ്ട് പാലങ്ങൾക്കു സമീപം റെയിൽപ്പാതയുടെ ഉയരം താഴ്ത്തുന്ന ജോലികളാണ് പ്രധാനമായും നടക്കുന്നത്.

