അമിതവേഗതയും, ആഢംബര കാറുകളും മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്ക് . അഞ്ച് കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയാണ് ഓരോ ജീവനും ഇല്ലാതായത്.
ഒക്ടോബർ 11 ന് നെടുമ്പാശേരി എയർപോർട്ട് റോഡിൽ ഉണ്ടായ അപകടത്തിൽ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. മൂവർക്കും 21 വയസ്സായിരുന്നു പ്രായം . നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം
ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ഒരു പുരാവസ്തു കടയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു ഇവർ. ജോലിക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത് . മദ്യലഹരിയിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടിയപ്പോൾ പറഞ്ഞത് ‘ എന്തുണ്ടെങ്കിലും തന്റെ കുടുംബം നോക്കിക്കൊള്ളുമെന്നായിരുന്നു ‘ . അപകടത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചതും തന്റെ പിതാവിനെയായിരുന്നു.
വയനാട് മാനന്തവാടിയിൽ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന 11 കാരി ദിവയെയാണ് കഴിഞ്ഞ ദിവസം അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതു വശത്ത് കൂടി പോകുകയായിരുന്ന കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സഹോദരൻ രക്ഷപെട്ടെങ്കിലും 11 കാരി മരണത്തിന് കീഴടങ്ങി.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ചേരാനല്ലൂർ അപകടവും ഉണ്ടായത് . നെടുമ്പാശേരിയിൽ പ്രതിയായ സുഹൈലിനെ രക്ഷിക്കാൻ പൊലീസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ജനരോഷം ശക്തമായതോടെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ദിവ മരിച്ച അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി എബ്രഹാമിനെ ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന കാരണം കാട്ടിയാണ് ആശുപത്രിയിലേയ്ക്ക് മാറ്റാൻ പൊലീസ് മുൻകൈഎടുത്തത്.
പണവും, ആൾസ്വാധീനവും കേസുകളെ ഇത്രയേറെ സ്വാധീനിക്കുമ്പോൾ സാധാരണക്കാർക്ക് നിയമം കൈയ്യിലെടുക്കുമെന്ന് പരസ്യമായി പറയേണ്ടി വരുന്നു. ഇന്ന് ജയകൃഷ്ണന്റെ കുടുംബം നടത്തിയ പ്രതിഷേധത്തിനിടയിലും മകൻ പറഞ്ഞത് നിയമം ശിക്ഷിച്ചില്ലെങ്കിൽ 17 കാരനെ തങ്ങൾ ഇല്ലാതാക്കുമെന്നാണ്. ഒരു കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുമ്പോൾ അവർക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ സർക്കാരിനും ബാധ്യതയുണ്ട്.

