ശബരിമല : മകരസംക്രമ സന്ധ്യയിൽ ശബരീശന് ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. പന്തളം കൊട്ടാര പ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ഘോഷയാത്രയെ പല്ലക്കിൽ അനുഗമിക്കും.ഘോഷയാത്ര കടന്നു പോകുന്ന 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും.
ഇന്ന് കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പ ക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.
രാജപ്രതിനിധിയ്ക്ക് ഉടവാൾ കൈമാറിയ ശേഷം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണപേടകങ്ങൾ ശിരസിലേറ്റി .തിരുമുഖം അടങ്ങുന്ന പ്രധാന പേടകം ഗുരുസ്വാമിയും, വെള്ളീയാഭരണങ്ങൾ അടങ്ങുന്ന കലശപ്പെട്ടി മരുതമന ശിവൻ പിളളയും, കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി.പ്രതാപചന്ദ്രൻ നായരുമാണ് ശിരസിലേറ്റുക.