തിരുവനന്തപുരം : വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി വർഗീയ സംശയവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . അമൃത് സിംഗ് ഡാരൻ എന്ന യൂട്യൂബർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം .
ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതാണ്. അത് സമൂഹത്തിൽ ഭിന്നതയും വർഗീയ വിദ്വേഷവും പടർത്താനുള്ള ഉപാധിയാകരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കും . ഈ വിഷയത്തിൽ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട് കൊച്ചി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നു.
ഡാരനെതിരെ കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരുന്നു. അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി യൂത്ത് ലീഗ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കാശി എന്ന ആർട്ട് കഫേയിൽ ജിന്നയുടെ വെള്ളി പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും, ബീഫ് വിളമ്പുണ്ടെന്നും ഡാരൻ വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് കൊച്ചിയിൽ ഒരു പ്രത്യേക മതവിഭാഗം കൂടുതലായി ഉള്ളതുകൊണ്ടാണെന്നുമാണ് ഡാരൻ പറഞ്ഞത്.

