വിളക്ക് തെളിയിക്കുന്നവന്റെ തല വെട്ടാൻ ആഹ്വാനം ചെയ്യുന്ന മതമൗലികവാദികൾ, ക്ഷേത്രങ്ങൾ തല്ലി തകർത്ത് അഗ്നിക്കിരയാക്കുന്ന യുവാക്കൾ ഇതൊക്കെയായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി ബംഗ്ലാദേശിൽ നിന്ന് പുറത്ത് വന്നിരുന്ന വാർത്തകൾ. എന്നാൽ ഇത്തവണ ബംഗ്ലാദേശിൽ ദുർഗാ പൂജ നടത്തിയ ഹിന്ദു വിശ്വാസികൾ പറയുന്നു ‘ ഇത്തവണത്തെ ആഘോഷങ്ങൾ ഒരിക്കലും മറക്കാനാകാത്തതായിരുന്നു ‘ . അതിന് കാരണം ഒന്നേയുള്ളു ബംഗ്ലാദേശ് മാറുകയാണ്.
മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണത്തിന് കീഴിലായിരുന്നു 2024-ലെയും 2025-ലെയും ദുർഗ്ഗാ പൂജകൾ നടന്നത്. അക്കാലത്ത് വിഗ്രഹങ്ങൾ തകർക്കപ്പെട്ടതും ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതുമുൾപ്പെടെ, പൂജയുമായി ബന്ധപ്പെട്ട കുറഞ്ഞത് 84 അക്രമ സംഭവങ്ങൾ ബംഗ്ലാദേശ് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ മാറി.
“ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു ദുർഗ്ഗാ പൂജ – നന്ദി, ബംഗ്ലാദേശ്!” ഓരോ പൗരനും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങളുടെ വിശ്വാസം ആഘോഷിക്കാൻ കഴിയുന്ന, നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ബംഗ്ലാദേശാണിത്.” ബംഗ്ലാദേശ് പൗരനായ സോഹാഗ് കുമാർ മൊണ്ടാൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത് .
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ദുർഗ്ഗാ പൂജ മികച്ചതായിരുന്നു എന്നത് സത്യമാണ്, അതിന് പല കാരണങ്ങളുമുണ്ടെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ജനറൽ സെക്രട്ടറി മോനിന്ദ്ര കുമാർ നാഥ് പറഞ്ഞു . ദുർഗ്ഗാ പൂജയ്ക്കുള്ള അവധി ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത്, കൂടുതൽ സാമ്പത്തിക സഹായം അനുവദിച്ചത്, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്, കൂടാതെ താരിഖ് റഹ്മാൻ ബംഗ്ലാദേശിലുടനീളമുള്ള പൂജാ പന്തലുകൾ സന്ദർശിച്ചത് എന്നിങ്ങനെ പല കാരണങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.
സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ദുർഗ്ഗാ പൂജയായിരുന്നു ഇത്തവണത്തേതെന്ന് ബംഗ്ലാദേശികൾ പറയുന്നു. താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ദുർഗ്ഗാ പൂജയായിരുന്നു ഇത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ ഘട്ടമായിരുന്നു. തങ്ങളുടെ കഴിവ് തെളിയിക്കേണ്ട ബാധ്യതയും ഒപ്പം മതന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽ സുരക്ഷിതമാണെന്ന് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കണമെന്ന ചിന്തയും മുൻ നിർത്തിയായിരുന്നു സർക്കാർ പ്രവർത്തിച്ചത്.
സർക്കാർ മൂന്ന് തലങ്ങളിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. ഇതിനായി വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഇത്തവണ രാജ്യത്ത് ഏകദേശം 500-ഓളം അധിക ദുർഗ്ഗാ പൂജാ പന്തലുകൾ ഒരുക്കിയിരുന്നു. മുമ്പ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് അധികാരത്തിലിരുന്ന കാലത്തും അക്രമങ്ങളും വിഗ്രഹങ്ങൾ തകർക്കുന്ന സംഭവങ്ങളും പതിവായിരുന്നു.
എന്നാൽ ഇത്തവണ പ്രതിപക്ഷവും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിച്ചു. ഡിസംബറിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുമെന്ന് ഹസീന അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് താരിഖ് റഹ്മാൻ ദുർഗാ പന്തൽ അടക്കം സന്ദർശിക്കാൻ എത്തിയത്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ പ്രധാനമായും അവാമി ലീഗിന്റെ വോട്ടർമാരായാണ് കണക്കാക്കപ്പെടുന്നത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭങ്ങളെത്തുടർന്ന് പാർട്ടി അധ്യക്ഷ ഷെയ്ഖ് ഹസീനയ്ക്ക് പ്രവാസ ജീവിതത്തിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തിൽ അവാമി ലീഗിനെ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കിയ സാഹചര്യത്തിൽ, വോട്ടുകൾ ആകർഷിക്കാൻ ബിഎൻപിക്ക് അവസരമുണ്ട്. ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ പല ന്യൂനപക്ഷ സംഘടനകളും ബിഎൻപിക്ക് പിന്തുണ നൽകിയിരുന്നു. അതിനാൽ, ഹിന്ദുക്കൾക്ക് തൻ്റെ പിന്തുണയുണ്ടെന്ന് തെളിയിക്കാൻ താരിഖ് റഹ്മാന് ലഭിച്ച നല്ലൊരു അവസരമാണിത്.
2022-ലെ സെൻസസ് പ്രകാരം, ബംഗ്ലാദേശിലെ ജനസംഖ്യയുടെ 7.95 ശതമാനം ഹിന്ദുക്കളാണ്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷവും ഹിന്ദുക്കൾ തന്നെയാണ് . 1951-ൽ ഏകദേശം 22 ശതമാനമായിരുന്ന ഹിന്ദുക്കളുടെ ജനസംഖ്യാ അനുപാതം, പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായി മൂന്ന് വർഷത്തിന് ശേഷം, 1974-ൽ 13.5 ശതമാനമായി കുറഞ്ഞു. ഇന്നത് 8 ശതമാനത്തിൽ താഴെയാണ്.
ഇന്ന് ഏറ്റവും മികച്ച രീതിയിൽ ദുർഗ്ഗാ പൂജ ആഘോഷിക്കാൻ സാധിച്ച ഹിന്ദുക്കൾ, വർഷം മുഴുവനും ഇത്തരമൊരു സൗഹാർദ്ദാന്തരീക്ഷം ഉറപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

