ന്യൂഡൽഹി ; നവംബർ 1-ന് രാംലീല മൈതാനത്ത് സംഘടിപ്പിക്കാനിരിക്കുന്ന മാറ്റി വയ്ക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് ഡൽഹി വ്യവസായികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി’ . ഇക്കാര്യം ഉന്നയിച്ച് എം.പി.യും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് കത്തും നൽകി . റാലി നവംബർ 10-ന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് . ഉത്സവ സീസണിലെ കച്ചവടത്തിരക്കും, ആ സമയം നടത്തുന്ന റാലി ദേശീയ തലസ്ഥാനത്തെ ബിസിനസ്സുകളിൽ ചെലുത്താൻ സാധ്യതയുള്ള ആഘാതവും ചൂണ്ടിക്കാട്ടിയാണ് അഭ്യർത്ഥന.
ഈ വർഷം നവംബർ 10-ന് വരുന്ന ‘ഭായ് ദൂജ്’ ആഘോഷം കച്ചവടക്കാർക്ക് ഏറെ തിരക്കുന്ന സമയമാണ്. അതിന് ശേഷമുള്ള തീയതിയിലേക്ക് റാലി മാറ്റണമെന്നാണ് സി ടി ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ കത്തിൽ ആവശ്യപ്പെടുന്നത്. ധന്തേരാസ്, ദീപാവലി, ഭായ് ദൂജ് എന്നിവ ഡൽഹിയിലെ ചില്ലറ വ്യാപാര വിപണികളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളാണെന്നും, ഇതിനായി വ്യാപാരികൾ വളരെ നേരത്തെ തന്നെ സാധനങ്ങൾ വാങ്ങുകയും വിൽപന ആരംഭിക്കുകയും ചെയ്തതായും സംഘടന ചൂണ്ടിക്കാട്ടി.
‘ ധന്തേരാസ് ദിനത്തിൽ മാത്രം ഡൽഹിയിൽ ഏകദേശം 25,000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ട്. സ്വർണം, വെള്ളി, പാത്രങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഉണങ്ങിയ പഴങ്ങൾ , മധുരപലഹാരങ്ങൾ, വാഹനങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ മേഖലകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഒക്ടോബർ മാസത്തിൽ കൊണാട്ട് പ്ലേസ്, ഇന്ത്യാ ഗേറ്റ്, മധ്യ ഡൽഹി എന്നിവിടങ്ങളിൽ റോഡുകൾ അടച്ചതും ഗതാഗതം വഴിതിരിച്ചുവിട്ടതും മൂലം വ്യാപാരികൾക്ക് വലിയ നഷ്ടം സംഭവിച്ചു . ഈ തടസ്സങ്ങൾ കാരണം വ്യാപാരികൾക്ക് ഇതിനകം ഏകദേശം 3,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും ‘ കത്തിൽ സൂചിപ്പിക്കുന്നു.
രാംലീല മൈതാനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ പ്രധാനപ്പെട്ട 20 മൊത്ത, ചില്ലറ വ്യാപാര വിപണികൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ചാന്ദ്നി ചൗക്ക്, സദർ ബസാർ, ഖാരി ബാവോലി, ഭാഗീരഥ് പാലസ്, ദാരിബ കലാൻ, കാശ്മീരി ഗേറ്റ്, നയി സരക്, മോറി ഗേറ്റ്, തിലക് ബസാർ, ദര്യഗഞ്ച്, ജമാ മസ്ജിദ്, ചൗരി ബസാർ, കരോൾ ബാഗ്, നബി കരീം, ആസാദ് മാർക്കറ്റ്, ലജ്പത് റായ് മാർക്കറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റാലിയുമായി ബന്ധപ്പെട്ട് ഗതാഗതം വഴിതിരിച്ചുവിടുന്നതും, മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതും, ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും ഈ വിപണികളിലെ ബിസിനസ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും, ഡൽഹിക്ക് പുറത്ത് നിന്ന് വരുന്ന വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കത്തിൽ പറയുന്നു.

