ന്യൂഡൽഹി: പാറ്റ പാർട്ടി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിയമാനുസൃതമായി പ്രതിഷേധ സ്ഥലമല്ലാതായി തുടരുന്നിടത്തോളം കാലം ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും വ്യക്തമാക്കുന്നു. തങ്ങൾ ക്രമസമാധാന ലംഘനം നടത്തില്ലെന്നും ഇരുവരും സത്യവാങ്മൂലത്തിൽ ഉറപ്പ് നൽകുന്നു.
നീതിന്യായ വ്യവസ്ഥയിലും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നു. മോചിതരായാൽ സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് ഇരുവരും ഉറപ്പ് എഴുതിനൽകിയതായി കോടതിയും ജാമ്യ ഉത്തരവിൽ സ്ഥിരീകരിക്കുന്നു.
കേസിന്റെ അടുത്ത വിചാരണ ഒക്ടോബർ 23-ലേക്ക് നിശ്ചയിച്ചതായി കോടതി അറിയിക്കുന്നു. അന്നേ ദിവസം ജാമ്യക്കാർക്കൊപ്പം ഇരുവരും ഹാജരാകണമെന്നും വിഷയത്തിൽ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നേരത്തേ, നിയമത്തോട് യാതൊരു ബഹുമാനവുമില്ലാത്ത പെരുമാറ്റമാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും സമാധാന അന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്കയുണ്ടെന്നും ഒക്ടോബർ 19ലെ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു. തിഹാർ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പാറ്റ പാർട്ടി നേതാക്കളുടെ അഭിഭാഷകൻ ഉപാധികളില്ലാതെ മാപ്പപേക്ഷിക്കുകയും ഭാവിയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

