ന്യൂഡൽഹി : ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പാറ്റാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം. ഒക്ടോബർ 14-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇരുവരും. ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇവർക്ക് ജാമ്യം അനുവദിച്ചത് . ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കാറായ സാഹചര്യത്തിലായിരുന്നു നടപടി.
ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും, ജാമ്യത്തിന് വേണ്ടിയുള്ള രേഖകൾ സമർപ്പിക്കുകയും ചെയ്തു. ആദ്യം അഞ്ച് ദിവസത്തേക്കാണ് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നത്. പിന്നീട് ഒക്ടോബർ 19-ന് ഈ കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
വോട്ടർ പട്ടികയിലെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നുവെന്നും, വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തുവെന്നും ആരോപിച്ചാണ് പാറ്റാ പാർട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടാണ് ഇവരുടെ സമരം.കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ ഇരുവരും ഡൽഹി ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മോചന ഉത്തരവ് വന്നത്.

