ഡബ്ലിൻ ; സാമൂഹിക ഭവന പദ്ധതികൾക്കായി പൂർണ്ണമായി നിർമ്മിച്ച വീടുകൾ വാങ്ങുന്ന രീതി ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ സർക്കാർ നീക്കം . പ്രാദേശിക ഭരണകൂടങ്ങളും അംഗീകൃത ഭവന ഏജൻസികളും ഇത്തരം വീടുകൾ വാങ്ങുന്നതിനുള്ള ധനസഹായം അടുത്ത വർഷം അവസാനത്തോടെ നിർത്തലാക്കുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ പ്രഖ്യാപിക്കും.
സാമൂഹിക ഭവന നിർമ്മാണത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ കൂടുതൽ നേരിട്ടുള്ള പങ്കുവഹിക്കണം എന്ന് ലക്ഷ്യമിട്ടാണ് ഈ നയമാറ്റം കൊണ്ടുവരുന്നത്. ഭവന ഏജൻസികൾക്കും ‘ലാൻഡ് ഡെവലപ്മെന്റ് ഏജൻസി’ക്കും ഇതിൽ വലിയ പങ്കുണ്ടാകും.സ്വകാര്യ വിപണിയിൽ ലഭ്യമാകുമായിരുന്ന വീടുകൾ വാങ്ങി കൂട്ടുന്നതിലൂടെ പ്രാദേശിക ഭരണകൂടങ്ങൾ എളുപ്പവഴി തേടുകയാണെന്നും മന്ത്രി ബ്രൗൺ വിമർശിച്ചു.
ഇത്തരത്തിൽ വീടുകൾ വാങ്ങുന്നത്, വീടുകളുടെ രൂപകൽപ്പനയിൽ ഇടപെടാനോ സ്വാധീനം ചെലുത്താനോ ഭരണകൂടങ്ങൾക്കും ഭവന ഏജൻസികൾക്കും കഴിയാത്ത അവസ്ഥയുണ്ടാക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരില്ല. അടുത്ത വർഷം ഡിസംബർ വരെ മാത്രമേ ഇത്തരം വീടുകൾ വാങ്ങുന്നതിനുള്ള ധനസഹായം ലഭിക്കുകയുള്ളൂവെന്നാണ് സൂചന.

