ഡബ്ലിൻ ; പ്രതിരോധ സേനയിലെ അംഗങ്ങൾക്കിടയിൽ സർക്കാരിനോട് “നിരാശയും അവിശ്വാസവും” നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് . തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും വേതനത്തെക്കുറിച്ചും നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ പാലിക്കപ്പെടാത്തതാണ് ഇതിന് കാരണമെന്നും ‘റെപ്രസന്റേറ്റീവ് അസോസിയേഷൻ ഓഫ് കമ്മീഷൻഡ് ഓഫീസേഴ്സ്’ പറയുന്നു.വിവിധ റാങ്കുകളിലുള്ള 1,300 പ്രതിരോധ സേനാ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടയാണിത്.
ഈ മേഖലയിലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങളെ “പൂർണ്ണമായും അവഗണിക്കുന്ന” സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത് സേനാംഗങ്ങൾക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചിരിക്കുകയാണ്.
കേഡറ്റുകളുടെ വേതനം സംബന്ധിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതും, അയർലൻഡ് യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന കാലയളവിൽ അധിക സമയം ജോലി ചെയ്തതിന് അലവൻസുകൾ നൽകാൻ വിസമ്മതിച്ചതും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതായി സംഘടന ജനറൽ സെക്രട്ടറി ലഫ്റ്റനന്റ് കേണൽ കോണർ കിംഗ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ‘യൂറോപ്യൻ കമ്മിറ്റി ഓഫ് സോഷ്യൽ റൈറ്റ്സ്’ ഓവർടൈം ജോലിയുമായി ബന്ധപ്പെട്ട് ഏകകണ്ഠമായി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

