നാഗ്പൂർ ; ഭരണമാറ്റത്തിലൂടെ ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ആഗോള ശക്തികൾ ശ്രമിക്കുന്നതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് . ഇത്തരം നീക്കങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടെന്നും, അധികാരമോഹികളായ ചില നേതാക്കൾ ഇതിന് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് വിജയദശമി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . “ഇന്ത്യയെയും ഹിന്ദുക്കളെയും സംഘത്തെയും എങ്ങനെ തകർക്കാം എന്നതിനെക്കുറിച്ചാണ് ദുഷ്ടശക്തികൾ ചിന്തിക്കുന്നതും, പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും, അതിനനുസരിച്ച് പ്രവർത്തിക്കുന്നതും. ചിലർ തങ്ങളുടെ സ്വഭാവസവിശേഷതകൾക്കനുസൃതമായി ഈ ശ്രമങ്ങളിൽ പങ്കുചേരുന്നു . അധികാരത്തോടുള്ള ചെറിയ താൽപ്പര്യങ്ങളും വിവേകക്കുറവും കാരണം, അധികാരമോഹികളായ ചില നേതാക്കളും ഇതിൽ ഉൾപ്പെടുന്നു .
എല്ലാവിധ ക്രമങ്ങളെയും മാന്യതയെയും ക്ഷേമത്തെയും, സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങളെയും നശിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു കൊടുങ്കാറ്റ് പാശ്ചാത്യദേശത്തുനിന്ന് വീശിയടിക്കുന്നുണ്ട് . ഭരണകൂടമാറ്റം വന്നാൽ സ്ഥിതിഗതികൾ മാറുമെന്ന് അവർ പറയുന്നു. എന്നാൽ മുൻപൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല, ഇനിയും അത് സംഭവിക്കില്ല.
സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരും അവരുടെ ‘അടിയാളന്മാരും’ ആധിപത്യം പുലർത്തുന്നുവെന്ന് ഉറപ്പാക്കാൻ ലോകമെമ്പാടും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഇന്ത്യയുടെ വളർച്ച ഈ നീക്കങ്ങൾക്ക് തടസ്സമായി നിൽക്കുന്നതിനാൽ, ഇന്ത്യ അവരുടെ ‘പ്രധാന ലക്ഷ്യമായി’ മാറിയിരിക്കുകയാണ് .ഇന്ത്യയിലും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞ ദശകങ്ങളിൽ രാജ്യം സ്വീകരിച്ച ഉറച്ച നയങ്ങളും, രാജ്യത്തെ മുന്നോട്ട് നയിച്ച ശക്തമായ നേതൃത്വവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ എന്നും മോഹൻ ഭാഗവത് പറഞ്ഞു.

