കോട്ടയം : ശബരിമല തീർത്ഥാടകർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ പ്രധാന കവാടങ്ങളായ കോട്ടയം, ചെങ്ങന്നൂർ, കൊല്ലം റെയിൽവേ സ്റ്റേഷനുകളിലെ ഒരുക്കങ്ങൾ വിലയിരുത്തിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശപ്രകാരം നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായി, തീർത്ഥാടകരുടെ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനുമുള്ള നടപടികൾ വിലയിരുത്തി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യകത അനുസരിച്ച് അധിക സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം 180 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച സാഹചര്യത്തിൽ, ഇത്തവണയും തീർത്ഥാടകരുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അയ്യപ്പഭക്തരുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.‘ എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.

