ചരിത്രപരമായ വസ്തുക്കളും ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും മറ്റും ലേലം ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. ലേലം ചെയ്ത സാധനങ്ങൾ ലക്ഷങ്ങളും കോടികളും നൽകി വാങ്ങുന്നവരും കുറവല്ല. അടുത്തിടെ ഇത്തരത്തിൽ നടന്ന ഒരു ലേലമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നടന്നത്. ഈ ലേലത്തിൽ നൂറ് രൂപയുടെ ഇന്ത്യൻ കറൻസി വിറ്റുപോയത് ഒന്നും രണ്ടുമല്ല 56 ലക്ഷം രൂപയ്ക്കാണ് .
1950-കളിൽ ഹജ്ജിനായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രത്യേകമായി ഇറക്കിയതാണ് ഈ 100 രൂപ നോട്ട് . സാധാരണ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ ലക്ഷ്യം.
എച്ച്എ 078400 എന്ന സീരിസിലുള്ള നോട്ടാണ് അരക്കോടിയിലധികം രൂപയ്ക്ക് ലേലത്തില്‍ പോയത്.സാധാരണ ഇന്ത്യൻ നോട്ടുകളിൽ നിന്ന് വ്യത്യസ്തമായ നിറത്തിലായിരുന്നു ഈ നോട്ടുകൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ചില ഗൾഫ് രാജ്യങ്ങളിൽ ഈ നോട്ടുകൾ നിയമവിധേയമായിരുന്നെങ്കിലും ഇന്ത്യയിൽ ഈ നോട്ടുകൾ സാധുവായിരുന്നില്ല. 1970ൽ ആർബിഐ ഈ ഹജ് നോട്ടുകളുടെ അച്ചടി പൂർണമായും നിർത്തി.