ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ‘കുരുക്ക് മുറുകുകയാണെന്ന്’ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരായ തങ്ങളുടെ പ്രക്ഷോഭം ഡൽഹിക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും ഇൻഡി മുന്നണി പ്രഖ്യാപിച്ചു. ഇന്ന് രാഹുലിന്റെ വസതിയിൽ വിളിച്ച് ചേർത്ത ചായ സത്ക്കാരത്തിന് പിന്നാലെയാണ് ഈ പ്രസ്താവന .
തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എംപി പ്രിയങ്ക ഗാന്ധി വദ്ര, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു.
ചായ സത്ക്കാരത്തിനും, പ്രതിപക്ഷ നേതാക്കളുടെ ചർച്ചയ്ക്കും ശേഷം തങ്ങൾക്കൊപ്പം നിന്ന ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞാണ് രാഹുൽ രംഗത്തെത്തിയത് . ഈ രാഷ്ട്രീയ പോരാട്ടത്തെ രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമായാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
“ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഷയമാണ് . തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവരാണ് ഉത്തരവാദികൾ.“ എന്നും രാഹുൽ പറഞ്ഞു.
‘ഇന്ത്യ’ സഖ്യം നടത്തിയ പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്നും, ഡൽഹിയിലെ പ്രതിഷേധങ്ങളിൽ യുവാക്കളും സാധാരണ പൗരന്മാരും പങ്കെടുത്തുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

