ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡി മുന്നണി സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തും. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതിന് ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു . ഇന്നത്തെ പ്രതിഷേധത്തിന് മുമ്പ്, ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രസ്താവന പുറത്തിറക്കി.
“ഇന്നലെ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ട് എനിക്ക് ഒരു കത്ത് ലഭിച്ചു. എനിക്ക് കാണാൻ കഴിയാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കി ഞാൻ ഇന്നലെ രാത്രി മറുപടി നൽകി.”ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.
‘ സുപ്രീം കോടതിയുടെ വാതിലുകൾ എല്ലാവർക്കും തുറന്നിട്ടിരിക്കുന്നു. ഏതൊരു സാധാരണ പൗരനിൽ നിന്നോ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാപനത്തിലെ അംഗത്തിൽ നിന്നോ ഉള്ള ഏതൊരു ഹർജിയും സ്വാഗതം ചെയ്യുന്നു. ഓരോ ഇന്ത്യൻ പൗരനും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അവരുടെ ആശങ്കകൾ ഞങ്ങൾ ശ്രദ്ധിക്കുകയും നിയമപ്രകാരം ഉചിതമായത് ചെയ്യുകയും ചെയ്യും‘ എന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ന് നടക്കുന്ന പ്രതിഷേധത്തെ ‘ചലോ ഡൽഹി – ജനാധിപത്യത്തിനായുള്ള മാർച്ച്’ എന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത് . ഉച്ചയ്ക്ക് 1.30- നാണ് മാർച്ച് ആരംഭിക്കുക. യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ചേർന്നാകും സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ തേടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

