പാട്യാല ; സൈനിക സ്ഥാപനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) കൈമാറിയ കേസിൽ സ്ത്രീ അറസ്റ്റിൽ. കേസിൽ രണ്ട് സൈനികർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു .പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
ഫരീദ്കോട്ട് നിവാസിയായ ഗുർണൂർ സിദ്ധു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഹുസൈനിവാല ബോർഡർ റോഡിലെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന് സമീപത്തു നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്.
സൈനിക മേഖലകളെയും കന്റോൺമെന്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജൻസികളുമായി പങ്കുവെക്കാൻ ഗൂഢാലോചന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനായി ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന രണ്ട് സൈനികർ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ചതായും സൂചനകളുണ്ട്. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കൈമാറാൻ സഹായിച്ചത് ഗുർണൂർ സിദ്ധുവാണ്.
മൂന്ന് പേർക്കെതിരെയും ഫാസിൽക്കയിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫരീദ്കോട്ട് സൈനിക കന്റോൺമെന്റുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയിട്ടുണ്ടോ എന്നും സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

