ചെന്നൈ : 4,900 കോടി രൂപ ചെലവിൽ നിർമ്മിച്ച ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിലെ പൂനമല്ലി ബൈപാസ്-വടപളനി പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സാന്നിധ്യത്തിൽ മോദിയും മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേർന്നാണ് പുതിയ മെട്രോ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
തുടർന്ന് വിജയ്ക്കൊപ്പം മോദി മെട്രോയിൽ യാത്രയും ചെയ്തു. ട്രെയിനിൽ കയറുന്നതിന് മുൻപ് പ്രധാനമന്ത്രി ടിക്കറ്റ് എടുക്കുകയും ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരനുമായി സംസാരിക്കുകയും ചെയ്തു. ചെന്നൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് നഗരത്തിലേയ്ക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും, യാത്രാസമയം കുറയ്ക്കാനും ഈ പാത സഹായിക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 12 മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ സാധാരണ സർവീസുകൾ ഉണ്ടാകും. കോറിഡോർ 4-ലെ പൂനമല്ലി ബൈപാസ് മെട്രോ, വടപളനി മെട്രോ എന്നീ ടെർമിനലുകളിൽ നിന്ന് രാത്രി 9 മണിക്കായിരിക്കും അവസാന ട്രെയിനുകൾ പുറപ്പെടുക.സന്ദർശന വേളയിൽ, വിജയ്ക്കും ഗവർണർ അർലേക്കറിനുമൊപ്പം ഐഐടി-മദ്രാസ് കാമ്പസിലെ ജലകണ്ഠേശ്വര സ്വാമി ക്ഷേത്രത്തിലും മോദി പ്രാർത്ഥന നടത്തി.

