ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റി ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പിണറായി വിജയൻ, ബൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധങ്ങളിൽ സർക്കാർ പരിഭ്രാന്തരാണെന്നും എന്നാൽ ഇത്തരം അടിച്ചമർത്തൽ നടപടികളിലൂടെ ജനങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം കസ്റ്റഡിയിലെടുത്തശേഷം ഒരു മണിക്കൂറോളം നഗരത്തിലൂടെ ചുറ്റിച്ചുവെന്നും, പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്നിരിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു.

