തിരുവനന്തപുരം ; എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിൽ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്നു തീരുമാനിച്ച് സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉടൻ തന്നെ വിജിലൻസ് കേസെടുക്കും.
ഒരു കാലതാമസവും കൂടാതെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർക്കു കോടതി നിർദേശം നൽകിയിരിക്കുന്നത്. അപ്പീലുമായി പോയാൽ കോടതിയിൽനിന്നു വീണ്ടും തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. പ്രതിപക്ഷനേതാവിനെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഒത്തുകളിയാണെന്ന ആരോപണവും ഉയരും. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കേസെടുത്ത് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
നിലവിൽ സർക്കാർ രൂപീകരിച്ച എസ്ഐടി ഹൈക്കോടതി റദ്ദാക്കണാമെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 66(2) വകുപ്പു പ്രകാരം ഇഡി പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമാണ് മുഖ്യമന്ത്രിമാരായിരുന്ന നേതാക്കൾക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസടുത്തിട്ടുള്ളത്. പാമോയിൽ ഇറക്കുമതി കേസിൽ 2003ൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ കേസെടുത്തിരുന്നു.

