ന്യൂഡൽഹി ; ഒക്ടോബർ 10-ന് ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന ‘കോക്രോച്ച് ജനത പാർട്ടി’യുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി . കേന്ദ്ര സർക്കാർ ഡൽഹി പോലീസിന് 221 കമ്പനി സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ നിന്ന് ഏകദേശം 23,000 ഉദ്യോഗസ്ഥരെ വിട്ടുനൽകിയിട്ടുണ്ട്. സിജെപിയുടെ മുൻകാല പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞ ആയിരക്കണക്കിന് ആളുകളെ പോലീസ് നിരീക്ഷിച്ചുവരികയാണ്.
ഒപ്പം, തലസ്ഥാനത്തേക്ക് വരുന്ന ബസുകൾ പരിശോധിക്കുന്നതിനൊപ്പം, വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനായി സർവകലാശാലകളുമായും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളുടെ ഉടമകളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്.
വോട്ടർ പട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ നടപടികളിൽ പ്രതിഷേധിച്ചും, ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം . മാത്രമല്ല തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിഷേധം വ്യാഴാഴ്ച ബെംഗളൂരുവിൽ സിജെപി സംഘടിപ്പിച്ചിരുന്നു. യൂട്യൂബർ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും ഇതിൽ പങ്കെടുത്തിരുന്നു. ന്യൂഡൽഹിയിൽ ഒക്ടോബർ 10-ന് നടക്കുന്ന റാലിയിൽ ആളുകൾ പങ്കെടുക്കണമെന്ന് റാഠി അഭ്യർത്ഥിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് നടക്കുന്ന ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാനപാലനത്തിനായി കേന്ദ്ര സേനയെ വിന്യസിക്കുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണിത്. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഈ അധിക സേനയിൽ ഉൾപ്പെടുന്നു. 50 അധിക ആംഡ് ഫോഴ്സിനെ കൂടി വിന്യസിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട് .
15,000 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ചുമതലകൾക്കായി വിന്യസിക്കും . പൊതു ക്രമസമാധാനം നിലനിർത്തുന്നതിനായി നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഒക്ടോബർ 9, 10 തീയതികളിൽ നഗരത്തിലെ മദ്യവിൽപ്പനശാലകൾ അടച്ചിടാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകി.നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ ജൂലൈയിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുളള നടപടികളും നടക്കുന്നുണ്ട്.
ജൂലൈയിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഏകദേശം 2,800 പേരെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിലൂടെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബർ 10-ന് മുന്നോടിയായി ഇവർ ആരെങ്കിലും ന്യൂഡൽഹി ജില്ലയിലേക്ക് യാത്ര ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻപ് നടന്ന പ്രതിഷേധത്തിൽ യാത്രാ സൗകര്യങ്ങളും മറ്റും ഒരുക്കാൻ സഹായിച്ച ബസ് ഓപ്പറേറ്റർമാരെയും വിതരണക്കാരെയും നിരീക്ഷിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണ് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത്, എത്രപേർ യാത്ര ചെയ്യുന്നു, എവിടേക്കാണ് പോകുന്നത് എന്നിവ കണ്ടെത്താൻ പോലീസ് ബസ് ബുക്കിംഗ് വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. സർവകലാശാല, കോളേജ് മേധാവികളുമായി സംസാരിക്കാനും വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിലേക്കുള്ള വഴികളും, പ്രത്യേകിച്ച് ഉത്തർപ്രദേശുമായുള്ള കിഴക്കൻ, ഷാഹ്ദാര അതിർത്തികളും തെക്കുപടിഞ്ഞാറ് രാജസ്ഥാനിൽ നിന്നുള്ള വഴികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പല പ്രവേശന കവാടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിക്കും.ഡൽഹി മേഖലയിൽ ഏകദേശം 4,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനകം വിന്യസിച്ചു കഴിഞ്ഞു. ജന്തർ മന്തറിന് ചുറ്റുമുള്ള പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
വലിയ തോതിൽ പ്രതിഷേധക്കാർ എത്തുകയും, പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും, അറസ്റ്റ് വരിക്കാൻ നിർബന്ധം പിടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അവരെ താൽക്കാലികമായി തടഞ്ഞുവെക്കാനുള്ള സൗകര്യങ്ങൾ സ്റ്റേഡിയങ്ങളിൽ ഒരുക്കാനും പോലീസ് തയ്യാറെടുക്കുന്നുണ്ട്. സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസിന് 150 ബോഡി ക്യാമറകൾ നൽകി. സുരക്ഷാ നടപടികളുടെ ഭാഗമായി ബോഡി-വോൺ ക്യാമറകളുടെ ഉപയോഗം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

