ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന മാർച്ചിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തതായി ബിജെപി .
ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി മാർച്ചിനിടെ ഒരു വനിതാ കോൺസ്റ്റബിളിനെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചതായും അദ്ദേഹത്തിന്റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഡൽഹി പോലീസിലെ വനിതാ കോൺസ്റ്റബിളിനെ കൈമുട്ട് കൊണ്ട് ഇടിച്ചതായും ബിജെപിയുടെ ദേശീയ മാധ്യമ കോർഡിനേറ്റർ സിദ്ധാർത്ഥ് യാദവ് പറഞ്ഞു.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയായിരുന്നു സിദ്ധാർത്ഥ് യാദവ് . ഇന്ത്യ അലയൻസ് മാർച്ചിന്റെ വീഡിയോകളും ഫോട്ടോകളും സിദ്ധാർത്ഥ് യാദവ് പുറത്ത് വിട്ടു . ” ഈ ചിത്രങ്ങൾ ഒരു പ്രതിഷേധത്തിന്റെയും ചിത്രങ്ങളല്ല, മറിച്ച് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ രാഹുൽ ഗാന്ധി പ്രചരിപ്പിക്കുന്ന കുഴപ്പങ്ങളുടെ ചിത്രങ്ങളാണ്” എന്ന് സിദ്ധാർത്ഥ് യാദവ് പറഞ്ഞു.
“സാധാരണക്കാരായ ആളുകളോ, സാധാരണ പൗരന്മാരോ ആരും ഈ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നില്ല. രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്ന് നമ്മൾ ഈ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്, യൂണിഫോമിലുള്ള രാജ്യത്തെ സൈനികരെ ആക്രമിക്കുന്നു. ആദ്യ ചിത്രത്തിൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പോലീസിലെ വനിതാ കോൺസ്റ്റബിളിനെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവൃത്തികൾ അംഗീകരിക്കാനാവില്ല,” സിദ്ധാർത്ഥ് യാദവ് പറഞ്ഞു.
‘ രണ്ടാമത്തെ ഫോട്ടോയിൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഒരു വനിതാ കോൺസ്റ്റബിളിന്റെ വയറ്റിൽ പ്രകോപനമില്ലാതെ കൈമുട്ട് കൊണ്ട് അടിക്കുന്നത് കാണാം . മൂന്നാമത്തെ ഫോട്ടോയിൽ, കോൺഗ്രസ് പ്രവർത്തകർ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുകയും നിലത്ത് എറിയുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടു. ഇതാണോ കോൺഗ്രസിന്റെ സ്നേഹക്കട? ഈ സ്നേഹക്കടയിലെ വെറുപ്പ് ഇന്ന് രാജ്യത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുന്നു “ എന്നും സിദ്ധാർത്ഥ് യാദവ് പറഞ്ഞു.

