ന്യൂഡൽഹി : രണ്ട് ദിവസത്തിനുള്ളിൽ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടന്ന ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യയിൽ സംഘർഷം രൂക്ഷം . തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് പൂർണ്ണമായും അസ്വീകാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി . ‘ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. സൗദി അറേബ്യയിലെ ജനങ്ങളോടും സർക്കാരിനോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുന്നു.‘ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യ ആക്രമണം നടന്നത് . മൊറോക്കൻ, അൾജീരിയൻ വംശജരായ രണ്ട് സ്ത്രീകളാണ് അവിടെ കൊല്ലപ്പെട്ടത് . ഇരുപത്തിയെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്.
തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന രണ്ടാമത്തെ ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ട് വിമാനത്താവളങ്ങളിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി വിമതർ ഏറ്റെടുത്തു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നിരവധി ഡ്രോണുകൾ ലക്ഷ്യമിട്ടതായി ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലും ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും അദ്ദേഹം അവകാശപ്പെട്ടു.

