ന്യൂഡൽഹി ; ഷെയ്ഖ് ഹസീനയുടെ വിസ നീട്ടി കേന്ദ്രസർക്കാർ . മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രണ്ടാമതും ബംഗ്ലാദേശ് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത് . ഇന്ത്യാ ഗവൺമെൻ്റ് ബംഗ്ലാദേശ് സർക്കാരിന് അയച്ച പരോക്ഷ സന്ദേശത്തിലാണ് ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശ് ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യൻ സർക്കാർ വിസ നീട്ടി നൽകിയിരിക്കുകയാണ് .
ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന ധാക്ക വിട്ടത്. ബംഗ്ലാദേശിലേക്ക് ഹസീനയെ കൈമാറുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന സമയത്താണ് ഇന്ത്യ വിസ നീട്ടിയത്. ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് സർക്കാർ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ എടുത്ത ഈ തീരുമാനം ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. മുഹമ്മദ് യൂനസ് സർക്കാർ ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കുകയും അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.