ചെന്നൈ: അണ്ണാ സർവ്വകലാശാല ലൈംഗികാതിക്രമ കേസ് പ്രതിയുടെ ഡിഎംകെ ബന്ധവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതി പാർട്ടി അംഗമല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് സ്റ്റാലിൻ പറഞ്ഞത്.
സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ സർക്കാർ ഉരുക്കു മുഷ്ടികളോടെയാണ് പ്രതികരിക്കുന്നത്. സംഭവം നടന്ന് ഒട്ടും വൈകാതെ ഈ കേസിലും പ്രതിയെ പിടികൂടാനായെന്നും സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ അവകാശപ്പെട്ടു.
സംഭവത്തിന്റെ പേരിൽ പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ല എന്ന പ്രചാരണം രാജ്യവ്യാപകമാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം നടപടികളൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
സർക്കാർ ഇവിടെ ഇരയ്ക്കൊപ്പമാണ് നിലകൊള്ളുന്നത്. അവർക്ക് നീതി ഉറപ്പാക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബർ 23നാണ് അണ്ണാ സർവ്വകലാശാല ക്യാമ്പസിൽ 19 വയസ്സുകാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രതിയായ ബിരിയാണി കച്ചവടക്കാരൻ ഗണശേഖരൻ വൈകാതെ പിടിയിലായിരുന്നു. സംഭവം തമിഴ്നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.