റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ . അടുത്തിടെയായി വിമാനത്താവളത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്.
“ഞങ്ങളുടെ സായുധ സേന റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നു. ദൈവാനുഗ്രഹത്താൽ ആക്രമണം കൃത്യമായിരുന്നു. ഇത് വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി “ എന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്.
യെമനിലെ ഇടക്കാല സർക്കാരിന്റെ തലസ്ഥാനമായ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ആക്രമണം നടത്തിയതായി ഹൂതി നേതൃത്വം ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മിസൈലുകൾ വിമാനത്താവള പരിസരത്ത് പതിച്ചതായി ഏദൻ സുരക്ഷാ വിഭാഗത്തിന്റെ മീഡിയ ഓഫീസ് അറിയിച്ചു .
പ്രാദേശിക മാധ്യമങ്ങൾ ഈ ഗതാഗത കേന്ദ്രത്തിന് സമീപം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തെങ്കിലും, ആളപായമോ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമോ സംഭവിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല . പടിഞ്ഞാറൻ-മധ്യ യെമൻ മേഖലകളിൽ കരയുദ്ധം രൂക്ഷമായതിന് പിന്നാലെയാണ് ഹൂതി ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇതിന് മറുപടിയായി, തന്ത്രപ്രധാനമായ ബാബ് അൽ-മൻദെബ് കടലിടുക്കും മോക്ക തുറമുഖവും സുരക്ഷിതമാക്കാൻ സൗദി പിന്തുണയുള്ള സർക്കാർ സേന ശക്തമായ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

