ചെന്നൈ : റേസിംഗിനിടെ നടൻ അജിതിന്റെ കാർ അപകടത്തിൽപ്പെട്ടതിൽ ഭയപ്പെടാനില്ലെന്ന് ടീം മാനേജർ സുരേഷ് ചന്ദ്ര . താരത്തിന് പരിക്കുകളില്ലെന്നും , ഇന്ന് പരിശീലനത്തിനിറങ്ങുമെന്നും സുരേഷ് ചന്ദ്ര പറഞ്ഞു. അജിത്തിന്റെ കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഏറെ പേരാണ് ആശങ്കകൾ അറിയിച്ച് രംഗത്ത് വന്നത് . തുടർന്നാണ് ടീമിന്റെ പ്രതികരണം.
ജനുവരി 11ന് നടക്കാനിരിക്കുന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്ന ടീമിലെ നാല് അംഗങ്ങളിലൊരാളാണ് അജിത്. തുടർച്ചയായി നാലു മണിക്കൂർ റേസിംഗ് പ്രാക്ടീസിലായിരുന്നു അവർ .ഏകദേശം മൂന്നരമണിക്കൂർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടയായത്. അവസാനഘട്ടത്തിൽ വലിയൊരു വളവുണ്ട്. ഡ്രൈവർക്ക് കാഴ്ച്ച മറയുന്ന ഭാഗമാണിത്.ഇവിടെ വച്ചാണ് അപകടമുണ്ടായത് . കാർ തകർന്നെങ്കിലും താരത്തിന് പരിക്കുകളൊന്നുമുണ്ടായില്ല , കാറിൽ നിന്ന് അദ്ദേഹംതന്നെയാണ് എഴുന്നേറ്റ് പുറത്തേയ്ക്ക് വന്നത്.
ആംബുലന്‍സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആശുപത്രിയിലെത്തിച്ച് മുഴുവന്‍ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട ഒരു സ്ഥിതിയുമില്ലെന്നും സുരേഷ് ചന്ദ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം ദുബായ് എയറോഡ്രോമിൽ വച്ചായിരുന്നു അപകടം . സംഭവസമയത്ത് അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്ററായിരുന്നു. അതിവേഗത്തിൽ ചീറിപ്പായുകയായിരുന്ന കാർ ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു.മുൻ വശം തകർന്ന കാർ പല തവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത് .