തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സി.പി.എമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ ചെയ്ത് അളക്കും. കോടതിയുടെ നിർദ്ദേശപ്രകാരം നാളെ രാവിലെ 10-നാണ് സർവേ നടപടികൾ നടക്കുക. ഭൂമി കൈയേറിയെന്നാരോപിച്ച് ആർ. ശശികുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമി അളക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് ഈ നിർദ്ദേശം നൽകിയത്. സർവേ നടപടികൾക്കിടെ എ.കെ.ജി. സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസിന്റെ പ്രതിനിധികൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസും നൽകിയിട്ടുണ്ട്.
1970-ൽ എ.കെ. ആന്റണി സർക്കാരാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി കേരള സർവകലാശാലയുടെ അധീനതയിലുള്ള ഭൂമി വിട്ടുനൽകിയത്. എന്നാൽ ഗവേഷണ സ്ഥാപനത്തിനായി അനുവദിച്ച ഭൂമി പിൽക്കാലത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായി മാറ്റി ഉപയോഗിച്ചുവെന്നും ഇതിനോട് ചേർന്നുള്ള ഭൂമി കയ്യേറിയെന്നുമാണ് പരാതിക്കാരനായ ആർ. ശശികുമാറിന്റെ പ്രധാന ആരോപണം.
നാളെ നടത്തുന്ന സർവേ നടപടികളുടെ വിശദമായ റിപ്പോർട്ട് തഹസിൽദാർ കോടതിയിൽ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വിഷയം ഹൈക്കോടതി തുടർന്ന് പരിഗണിക്കുക.

