ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനമാണ് നാളെ. പശ്ചിമേഷ്യൻ സംഘർഷം നൽകിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് ഇത്തവണത്തെ ബജറ്റ് അവതരണം എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ വലിയ പ്രതീക്ഷകളാണ് ജനംവച്ചുപുലർത്തുന്നത്. ഈ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാത്തവിധത്തിൽ ജീവിത ചിലവുകൾ കുറയ്ക്കുന്നതിനായിരിക്കും ബജറ്റ് പ്രാധാന്യം നൽകുക എന്നതാണ് സർക്കാരിന്റെ ഉറപ്പ്.
8.5 ബില്യൺ യൂറോയുടെ പാക്കേജുകളാണ് ഇക്കുറി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്ഷേമ പെൻഷനുകളുടെ വർധനവ് ബജറ്റിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. പേയ്മെന്റുകളിൽ 12 യൂറോ മുതൽ 15 യൂറോവരെയുള്ള വർധനവ് സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
നികുതി പരിധികളിലും നിരക്കുകളിലും മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയും കാണുന്നുണ്ട്. ദിവസേന അതിരാവിലെ എഴുന്നേറ്റ് ജോലിയ്ക്കുന്ന പോകുന്ന ആളുകൾക്ക് വേണ്ടിയാകും ബജറ്റ് എന്ന നിലയിൽ ധനമന്ത്രി സൈമൺ ഹാരിസ് പ്രതികരിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നത് നികുതി പരിഷ്കാരത്തെയാണെന്നാണ് വിലയിരുത്തൽ. 40 ശതമാനം എന്ന നികുതി അടയ്ക്കുന്നതിനുള്ള തൊഴിലാളികളുടെ സാമ്പത്തിക പരിധി ഉയർത്തുമെന്നാണ് വിവരം.
ഊർജ്ജ ബില്ല് ഉൾപ്പെടെയുള്ള ബില്ലുകളിൽ കുറവ് വരുത്തുന്നതിനുള്ള പദ്ധതികളും സർക്കാർ ആലോചിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ബില്ലുകൾ കുതിച്ചുയർന്നിരുന്നു. ഇതിന് പുറമേ കുടിശ്ശികവരുത്തുന്നവരുടെ എണ്ണവും വർധിച്ചിരുന്നു. ബില്ലുകൾ പൊതുജനങ്ങൾക്ക് മേൽ ചുമത്തുന്ന ഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടായേക്കും. ഹോം ഹീറ്റിംഗ് ഓയിലിന്റെ ടാക്സ് എടുത്തുകളയാനും ആലോചനയുണ്ട്.
അയർലൻഡ് ഏറെക്കാലമായി നേരിടുന്ന പ്രശ്നമാണ് ഭവന പ്രതിസന്ധി. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളും ബജറ്റിൽ ഉണ്ടായേക്കും. ഹെൽപ്പ് ടു ബൈ സ്കീം വിപുലീകരിക്കും.

